മത്സ്യരോഗങ്ങളും പ്രതിവിധിയും
by വി.എസ്. നീതു, ഡോ. ബി. പ്രദീപ്
B
സമ്മർദമാണ് പലപ്പോഴും മത്സ്യങ്ങളിൽ രോഗകാരണം. സമ്മര്‍ദം മത്സ്യങ്ങളുടെ രോഗപ്രതിരോധശേഷി കുറയ്ക്കുകയും രോഗാണുക്കൾ അവയെ ബാധിക്കുകയും ചെയ്യുന്നു
വളർത്തുകുളങ്ങളിലെയും അക്വേറിയ ങ്ങളിലെയും കൃത്രിമ സാഹചര്യങ്ങളിൽ മത്സ്യങ്ങൾക്കു രോഗങ്ങൾ ഉണ്ടാകാൻ സാധ്യതയേറെ. രോഗാണുക്കൾ ജലത്തിൽ സാധാരണ ചെറിയ അളവിൽ കാണാറുണ്ട്. അനുകൂല സാഹചര്യത്തിൽ ഇവ പെരുകുകയും മത്സ്യങ്ങളിൽ രോഗമുണ്ടാകുകയും ചെയ്യുന്നു. സമ്മർദമാണ് പലപ്പോഴും മത്സ്യങ്ങളിൽ രോഗകാരണം. സമ്മര്‍ദം മത്സ്യങ്ങളുടെ രോഗപ്രതിരോധശേഷി കുറയ്ക്കുകയും രോഗാണുക്കൾ അവയെ ബാധിക്കുകയും ചെയ്യുന്നു.
രോഗം വന്നിട്ടു ചികിത്സിക്കുന്നതിനെക്കാൾ നല്ലത് രോഗം വരാതെ നോക്കുന്നതാണല്ലോ. മത്സ്യങ്ങളിൽ രോഗം വന്നിട്ടുള്ള ചികിത്സ എത്രമാത്രം ഫലപ്രദമാണെന്നു പറയാൻ കഴിയില്ല. രോഗം ബാധിച്ചാൽ മത്സ്യങ്ങൾ തീറ്റയെടുക്കാറില്ല. അതിനാൽ അന്നപഥത്തിലൂടെ അവയ്ക്കു മരുന്നു നൽകുക പ്രയാസമാണ്. മരുന്ന് ജലത്തിൽ ലയിപ്പിച്ചു കൊടുക്കുക മാത്രമാണു പ്രതിവിധി.
രോഗങ്ങൾ, ലക്ഷണങ്ങൾ
രോഗം ബാധിച്ച മത്സ്യം പൊതുവെ തീറ്റയോടു വിരക്തി കാണിക്കുകയോ അവയുടെ ചിറകുകൾ ചുരുക്കി വയ്ക്കുകയോ ചെയ്യും. ശരീരം ടാങ്കുകളിലെ വശങ്ങളിലോ പ്രതലങ്ങളിലോ ഉരസുകയോ അനങ്ങാതെ വശങ്ങളിലേക്കു മാറി നിൽക്കുകയോ ചെയ്യും. രോഗമുണ്ടെന്നു കാണുന്ന മത്സ്യങ്ങളെ ഉടനടി പിടിച്ചു മാറ്റുകയാണു രോഗം പടർന്നുപിടിക്കാതിരിക്കാനുള്ള വഴി. രോഗമുള്ളവയെ ചികിത്സയ്ക്കായി മാറ്റി പാർപ്പിക്കാൻ ചെറിയ ടാങ്കുകൾ (ആശുപത്രി ടാങ്കുകൾ) ഉപയോഗിക്കാം. മത്സ്യങ്ങളുടെ വലുപ്പത്തിന് ആനുപാതികമായിട്ടാണ് ആ ശുപത്രി ടാങ്കുകളുടെ വലുപ്പം നിർണയിക്കുക.
രോഗങ്ങൾ വന്നാൽ
രോഗലക്ഷണങ്ങൾ കണ്ടുതുടങ്ങിയാൽ കല്ലുപ്പ് (കറിയുപ്പ്) ജലത്തിൽ ഇട്ടുകൊടുക്കുന്നത് സാധാരണ ചികിത്സയാണ്. ഉപ്പ്, മൂന്ന് ഗ്രാം ഒരു ലീറ്റർ വെള്ളത്തിൽ ചേർത്തു കൊടുക്കുക. രോഗം ബാധിച്ചു എന്നു തോന്നിയാൽ കുളത്തിലെ പകുതി വെള്ളം മാറ്റുകയും നല്ല വായുസഞ്ചാരം കൊടുക്കുകയും വേണം. ഡിപ്പ്, ബാത്ത് എന്നിങ്ങനെ രണ്ടുവിധത്തിൽ മരുന്നു പ്രയോഗിക്കാം. ഡിപ്പ് എന്നാൽ കൂടിയ ഗാഢതയിൽ കുറഞ്ഞ സമയത്തിനുള്ളിൽ മരുന്നു കൊടുക്കുന്ന രീതിയാണ്. രോഗം ബാധിച്ച മത്സ്യങ്ങളെ മരുന്ന് ഒഴിച്ച ടാങ്കിൽ ഏതാനും സെക്കൻഡ് നേരം മുക്കിയെടുക്കുകയാണു ചെയ്യുക. കുറഞ്ഞ ഗാഢതയിൽ കൂടുതൽ സമയം മുക്കിയെടുക്കുന്നതാണ് ബാത്ത്.
ഏതു രോഗത്തിനും പ്രയോഗിക്കുന്ന മരുന്നാണ് പൊട്ടാസ്യം പെർമാംഗനേറ്റ് ലായനി. രോഗത്തിന്റെ അവസ്ഥ നോക്കി ഇത് ഡിപ്പ് ആയോ ബാത്ത് ആയോ കൊടുക്കുന്നു. അണുനശീകരണമാണു പ്രധാന ലക്ഷ്യം. അതിനാൽ പുറത്തുനിന്നു വരുന്ന മത്സ്യങ്ങളെ, ടാങ്കുകളിൽ നിക്ഷേപിക്കുന്നതിനു മുമ്പു പൊട്ടാസിയം പെർമാംഗനേറ്റ് ലായനി ഉപയോഗിച്ച് ഡിപ്പ് അല്ലെങ്കിൽ ബാത്ത് ചെയ്യേണ്ടതാണ്. ഇതുമൂലം പുറമേനിന്നു വരാവുന്ന രോഗങ്ങളെ ഒരു പരിധിവരെ ഒഴിവാക്കാം. പകരുന്ന രോഗങ്ങൾ മുഖ്യമായും ബാക്ടീരിയ, കുമിൾ, ഏകകോശ പരാദജീവികൾ, മത്സ്യപേനുകൾ എന്നിവ മൂലമാണ് ഉണ്ടാകുന്നത്. പകരാത്തവയ്ക്കു കാരണം മുഖ്യമായും സംരംഭകരുടെ അറിവില്ലായ്മ യും അശ്രദ്ധയുമാണ്. മത്സ്യങ്ങൾക്കു സമ്മർദംമൂലമാണല്ലോ രോഗമുണ്ടാകുന്ന ത്. മത്സ്യങ്ങളിൽ സമ്മർദം ഉണ്ടാകാൻ പലകാരണങ്ങളുണ്ട്. ഉദാ: ജലത്തിന്റെ ഗുണനിലവാരം മോശമാവുന്നത്, ജലത്തിലെഅമ്ല–ക്ഷാര (പിഎച്ച്) നിലയിലുള്ള വ്യത്യാസം, ജലത്തിലുള്ള പ്രാണവായു (Oxygen) വിന്റെ അളവു തീരെ കുറയുന്നത്. ടാങ്കുകളിലെ മുഴുവൻ വെള്ളവും ഒരുമിച്ചു മാറ്റുന്നതും ഒരു കാരണമാണ്.
സമ്പൂർണ മത്സ്യത്തീറ്റയിൽ മാംസ്യം, കാർബോ ഹൈഡ്രേറ്റുകൾ, കൊഴുപ്പുകൾ, ജീവകങ്ങൾ, ധാതുലവണങ്ങൾ എന്നിവ ഉണ്ടാകണം. ഇവയുടെ കുറവു മൂലവും മത്സ്യങ്ങൾക്കു രോഗം പിടിപെടാം (ഉദാ: ലോർടോസിസ്, സ്കോളിയോസിസ്). അ ഞ്ചു മിനിറ്റിനുള്ളിൽ കഴിച്ചുകഴിയുന്ന തോതിൽ മാത്രം തീറ്റ നൽകണം. അധികം വരുന്ന തീറ്റ അടിഞ്ഞുകൂടിയാൽ അതിൽ കുമിൾ വരികയും അതുവഴി മത്സ്യങ്ങൾക്കു രോഗങ്ങൾ ഉണ്ടാവുകയും ചെയ്യും.
വെയിൽ പതിയുന്ന തുറന്ന സ്ഥലങ്ങളിൽ ടാങ്കുകൾ സ്ഥാപിക്കുന്നതു സസ്യപ്ലവകങ്ങളുടെ വളർച്ചയ്ക്കു കാരണമാകുന്നു. ഇതുമൂലം ജലത്തിൽ പച്ചപ്പു നിറയുകയും ജലത്തിലുള്ള പ്രാണവായുവിന്റെ അളവു കുറയുകയും ചെയ്യുന്നു. ഇതും രോഗങ്ങൾ ഉണ്ടാകാൻ കാരണമാകുന്നു. പൊരുത്തമില്ലാത്ത മത്സ്യങ്ങളെ ഒരുമിച്ചു വളർത്തുന്നതു വഴി അവ തമ്മിൽ ഉപദ്രവിക്കുകയും അതുവഴി ശരീരത്തിൽ മുറിവുകൾ ഉണ്ടാവുകയും രോഗകാരണമായിത്തീരുകയും ചെയ്യുന്നു.
രോഗങ്ങൾ പ്രതിവിധി
ബാക്ടീരിയൽ രോഗങ്ങൾ(രോഗം / രോഗ കാരി, രോഗലക്ഷണം, പ്രതിവിധി എന്ന ക്രമത്തില്‍)ഡ്രോപ്സി (എയറോമോണാസ് ഹൈഡ്രോഫില്ല): വീർത്ത വയർ, വശങ്ങളിലേക്ക് ഉതിർന്നുനിൽക്കുന്ന ചെതുമ്പലുകൾ, ഇളകി പുറത്തേക്കു നിൽക്കുന്ന കണ്ണുകൾ. വാലും ചിറകും ചീയൽ (എയറോമോണാസ്: ചിറകുകളുടെ നിറം മങ്ങുകയും കിരണങ്ങൾക്കിടയിലുള്ള കലകൾ ജീർണിക്കുകയും ചെയ്യും.
ക്ലൗഡ് ഐ (എയറോമോണാസ് ലിക്യുഫാസിയെൻസ്): മത്സ്യങ്ങളുടെ കണ്ണുകൾ പുറത്തേക്കു തള്ളിനിൽക്കുക. കൊളുംമനാരിസ് (ഫ്ലെക്സിബാക്റ്റർ കൊ ളുംമനാരിസ്): മത്സ്യങ്ങളുടെ ശരീരത്തിൽ പാൽപാടപോലെ കാണപ്പെടുന്നു. ട്യൂബർകുലോസിസ് (മൈകോ ബാക്ടീരിയം): വലിയ തല, ക്ഷീണിച്ച ശരീരം, തുറന്ന വയർ, വ്രണങ്ങൾ. പ്രതിവിധി: ആന്റിബയോട്ടിക്കായ ഓക്സി ടെട്രാസൈക്ലിൻ ഒരു ലീറ്റർ വെള്ളത്തിൽ 20 മി.ഗ്രാം എന്ന തോതിൽ കൊടുക്കാം. ഇതിനു പുറമേ എറിത്രോമൈസിൻ, ടെട്രാസൈക്ലിൻ, ഹൈഡ്രോ ക്ലോറൈഡ് എന്നീ ആന്റിബയോട്ടിക്കുകളും കൊടുക്കാവുന്നതാണ്.
പ്രോട്ടോസോവ രോഗങ്ങൾ (രോഗം/ രോഗകാരി, രോഗലക്ഷണം, പ്രതിവിധി എന്ന ക്രമത്തില്‍)വെള്ളപ്പൊട്ട് ( ഇക്തിയോഫ്തിയസ് മൾട്ടിഫിലിസ്): ശരീരത്തിൽ ഉടനീളം വെള്ള കുത്തുകൾ വരുന്നു.വെൽവെറ്റ് (ഊഡീനിയം ഒസലേറ്റം): ശരീരത്തിൽ തുരുമ്പുപിടിച്ചതുപോലെയുള്ള പാടുകൾ പ്രത്യക്ഷപ്പെടുകയും വെൽവെറ്റ് തുണിപോലെ കാണപ്പെടുകയും ചെയ്യുന്നു.
വെർലിങ് (മിക്സോബോലസ് സെറിബ്രാലിസ്) : മത്സ്യം ചുറ്റിക്കറങ്ങി നീന്തുക, അസ്ഥികൾ ക്ഷയിക്കുക.
പ്രതിവിധി: രോഗബാധിതരായ മത്സ്യങ്ങൾ അക്വേറിയത്തിലാണെങ്കിൽ ജലത്തിന്റെ താപനില ഹീറ്റർ ഉപയോഗിച്ച് 28 ഡിഗ്രി സെല്‍ഷ്യസ് ആയി നിലനിർത്തുക.
തള്ളമത്സ്യങ്ങൾ ഉള്ള ടാങ്കിൽ 3 ഗ്രാം കല്ലുപ്പ് / കറിയുപ്പ് ഒരു ലീറ്റർ വെള്ളത്തിൽ ചേർത്തു കൊടുക്കാം. FMG മിക്സ് കൊടുക്കാം. അല്ലെങ്കില്‍ ഫോർമാലിൻ ഒരു മില്ലി 100 ലീറ്റർ വെള്ളത്തിൽ കൊടുക്കുക. (FMG മിക്സ് – ഒരു ലീറ്റർ ഫോർമാലിനിൽ 3.3 ഗ്രാം മാലക്കേറ്റ് ഗ്രീൻ ചേർത്ത് സ്റ്റോക്ക് ലായനി ഉണ്ടാക്കുക. ഈ സ്റ്റോക്ക് ലായനിയിൽ നിന്ന് 1.5 മി.ലീ. എടുത്ത് 100 ലീറ്റർ വെള്ളത്തിൽ ചേർത്തു കൊടുക്കുക) കുമിൾ രോഗം (രോഗം / രോഗകാരി, രോഗലക്ഷണം, പ്രതിവിധി എന്ന ക്രമത്തില്‍)സാപ്രോലെഗ്നിയ (സാപ്രോലെഗ്നിയ അക്കൈല): മത്സ്യങ്ങളുടെ ശരീരത്തിൽ പഞ്ഞിനാരുപോലെ കാണുന്നു. FMG മിക്സ് ഉപയോഗിക്കാം / ഫോർമാലിൻ ഒരു മില്ലി 100 ലീറ്റർ വെള്ളത്തിൽ കൊടുക്കുക.
മത്സ്യപ്പേൻ: ശാസ്ത്രനാമം ലെർണിയ അർഗുലസ്. മത്സ്യങ്ങളുടെ ശരീരത്തിലും ചിറകുകളിലും ഒട്ടിപ്പിടിച്ച നിലയിൽ കാണുന്നു. വളർച്ച മുരടിക്കുക, ചെതുമ്പലുകൾ പൊഴിയുക, ചുവന്ന പാടുകൾ പ്രത്യക്ഷമാവുക. FMG മിക്സ് പ്രയോഗിക്കാം. റോസിബാർബ് ഇനത്തിൽപ്പെട്ട മത്സ്യങ്ങളെ ടാങ്കുകളിൽ നിക്ഷേപിക്കാം. റോസിബാർബ് മത്സ്യപ്പേനുകളെ ഭക്ഷിക്കും.
വിലാസം: ∙ പ്രോജക്ട് അസിസ്റ്റന്റ്
∙ സബ്ജക്റ്റ് മാറ്റർ സ്പെഷ്യലിസ്റ്റ് ഫിഷറീസ്, കൃഷിവിജ്ഞാനകേന്ദ്രം, കോഴിക്കോട്. ഫോണ്‍: 04962662372
No comments:
Post a Comment